Monday 12 January 2015

GANDHI SEVA VEDI SHORNUR


ഗാന്ധി സേവാ വേദി  ഷൊർണൂർ




സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിജിയുടെ പ്രിയ ശിഷ്യനും ദണ്ഡി യാത്രയിൽ പങ്കെടുത്ത 78 അനുയായികളിൽ ഒരാളുമായ ഷൊർണൂർ പരുത്തിപ്ര മഹാദേവമംഗലം നടുവിൽപ്പാട്ട് രാഘവ പൊതുവാൾ എന്ന രാഘവ്ജി 1992 ഡിസംബർ 20 ആം തിയ്യതി നമ്മെ വിട്ടു പോയി. എന്നാൽ നാളിതുവരെ അദ്ദേഹത്തിന് ഉചിതമായ ഒരു സ്മാരകമോ ഒന്നും തന്നെ ഉയർന്നു വന്നില്ല.

സ്വാതന്ത്ര്യാനന്തരം ഗാന്ധിജി തന്റെ ശിഷ്യരോട് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുവാനും അവിടെ സ്വാശ്രയത്വം നിലനിർത്തുവാനും ആഹ്വാനം ചെയുകയായിരുന്നു. ആ മഹാത്മാവിന്റെ ആഞ്ജ ശിരസാ വഹിച്ച് രാഘവ്ജി തന്റെ ഗ്രാമമായ ഷൊർണൂർ പരുത്തിപ്ര മഹാദേവമംഗലത്ത് തിരിച്ചെത്തുകയും, തന്റെ തറവാടായ നടുവിൽപ്പാട്ടെ രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് ഒരു കൊച്ചു കെട്ടിടത്തിൽ സ്വയം പ്രകാശിത ഗിരി സദനം എന്ന ഫലകം വെച്ച് താമസം ആരംഭിക്കുകയും, ഇവിടെ തന്നെ ഉള്ള സ്ഥലത്ത് എള്ള് ഉണ്ടാക്കുകയും, പ്രദേശത്തുള്ളവരെയെല്ലാം എള്ള് ഉത്പാദിപ്പിക്കുവാൻ പ്രബുദ്ധരാക്കുകയും, എള്ള് ആട്ടുവാൻ ഉള്ള സാമഗ്രികൾ സംഘടിപ്പിച്ച് ഇവിടെ തന്നെ അവക്കൊരിടം കണ്ടെത്തി നല്ലെണ്ണ ഉത്പാദാനവും വിൽപ്പനയും, ഛർക്ക ക്ലാസ്സ് ആരംഭിക്കുകയും, നൂൽ നൂൽപ്പ് കേന്ദ്രവും, നെയ്ത്ത് പുരയും, ഉണ്ടാക്കി ഖാദി വസ്ത്രങ്ങളുടെ ഉത്പാദാനവും വിൽപ്പനയും, തേനീച്ച വളർത്തലും തേൻ ഉത്പാദാനവും വിൽപ്പനയും തുടങ്ങുകയും, മുതലായ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ സ്വയം തൊഴിൽ എന്ന ആശയത്തിലൂന്നി പ്രദേശത്തുള്ളവർക്കെല്ലാം ഒരു ജീവിതോപാദി നൽകി പോന്നു അന്ത്യശാസം വലിക്കുന്നതുവരെ രാഘവ്ജി. അദ്ദേഹത്തെ അടക്കം ചെയ്തിട്ടുള്ളതും ഇവിടെ തന്നെയാണ്.

രാഘവ്ജി താമസിച്ചിരുന്ന സ്വയം പ്രകാശിത ഗിരി സദനം എന്ന കൊച്ചു കെട്ടിടം ഇന്ന് നാശത്തിന്റെ വക്കിലാണ്. പകുതിയോളം സ്ഥലവും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും അനുബന്ധ വസ്തുക്കളും ഇന്നിപ്പോൾ സർവോദയ സംഘത്തിന്റെ കൈവശമാണ്. എന്നാൽ ഭൂമി ഒഴിച്ചുള്ളതെല്ലാം നാമാവിശേഷമായിരിക്കുന്നു. സാമഗ്രികൾ ഒന്നും തന്നെ കാണുവാൻ ഇല്ല. കെട്ടിടങ്ങൾ കാലത്തെ അതിജീവിച്ച് നിൽപ്പുണ്ടെങ്കിലും അറ്റകുറ്റപണികൾ അത്യന്താപേക്ഷിതമായിരിക്കുന്നു. ഇത്രയും സ്വത്തുവഹകളുള്ള രാഘവ്ജിയുടെ അനന്തരവളായ നടുവിൽപ്പാട്ട് സരളാ ദേവി ഒരു അന്തേവാസിയായി ജീവിതത്തെ നേരിടുന്നു.

ഈ ഒരു അവസ്ഥയിൽ 2014 ഡിസംബർ 20 ആം തിയ്യതി രാഘവ്ജിയുടെ 22 ആം ചരമ ദിനത്തിൽ സ്വയം പ്രകാശിത ഗിരി സദനത്തിന് മുമ്പിൽ, ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ ഷൊർണൂർ മുൻ മണ്ഡലം പ്രസിഡന്റും വാർഡു കൌണ്സിലറുമായ കെ. കൃഷ്ണകുമാറും, ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ ഷൊർണൂർ മണ്ഡലം എക്സിക്യൂട്ടീവ് അംഗവും സാമൂഹ്യ പ്രവർത്തകനുമായ പ്രസാദ് കെ ഷൊർണ്ണൂരും ചേർന്ന് പ്രദേശത്തുള്ള സർവരേയും വിളിച്ചു കൂട്ടി രാഘവ്ജിയുടെ ഛായാ ചിത്രത്തിന് മുമ്പിൽ തിരി തെളിയിച്ച് പുഷ്പ്പാർച്ചനയും അനുസ്മരണവും നടത്തി ഗാന്ധി സേവാ വേദി ജന്മം നൽകി. 

ഗാന്ധി സേവാ വേദി പ്രസിഡന്റായി കെ. കൃഷ്ണകുമാറിനെയും ജനറൽ സെക്രട്ടറിയായി പ്രസാദ് കെ ഷൊർണ്ണൂരിനെയും തെരഞ്ഞെടുത്തു.

നമ്മുടെ എല്ലാം അഭിമാനമായ രാഘവ്ജിക്ക് അദ്ദേഹം അർഹിക്കുന്ന രീതിയിൽ ഒരു സ്മാരകവും, അന്ത്യ വിശ്രമം കൊള്ളുന്ന അവിടെ ഒരു സമാധിയും, സ്വയം പ്രകാശിത ഗിരി സദനം എന്ന കൊച്ചു മന്ദിരം യുവ തലമുറക്ക് ഗാന്ധിയൻ ആശയ പ്രചാരണത്തിനുള്ള ഒരു സ്ഥിരം വേദിയാക്കി ഉയർത്തുവാനും, അദ്ദേഹം നമ്മുക്ക് പകർന്ന് തന്ന പ്രവർത്തനങ്ങൾ പുനരുജീവിപ്പിക്കുവാനും വേണ്ട നടപടികളും, ധന സഹായവും, നിയമ നിർമ്മാണവും, ഏത്രയും പെട്ടെന്ന് ചെയ്തു തരുവാൻ വേണ്ടി, ഗാന്ധി സേവാ വേദി പ്രസിഡന്റ് കെ. കൃഷ്ണകുമാറും, ജനറൽ സെക്രട്ടറി പ്രസാദ് കെ ഷൊർണ്ണൂരൂം കൂടി കേരള സംസ്ഥാന മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ. ഉമ്മൻചാണ്ടി അവർകൾക്ക് 28/12/14 ന് നിവേദനം നൽകി.



 പ്രസാദ്‌ കെ ഷൊർണൂർ 
ജനറൽ സെക്രട്ടറി
ഗാന്ധി സേവാ വേദി ഷൊർണൂർ 
prasadkshornur@gmail.com & prasadkshoranur@gmail.com