Wednesday 24 June 2015

VT BHATTATHIRIPAD SHORNUR



" എന്റെ നിളയോര സ്മൃതികൾ "






നമ്മുക്ക് എല്ലാവർക്കും അറിയാം നമ്പൂതിരി സമൂഹത്തിൽ വലിയ ഒരു വിപ്ലവത്തിന് തുടക്കമിട്ട മഹാനായിരുന്നു വി. ടി. ഭട്ടതിരിപ്പാട്. തികച്ചും പ്രാകൃതാവസ്ഥയിൽ കഴിഞ്ഞിരുന്ന അന്നത്തെ നമ്പൂതിരിയെ മനുഷ്യനാക്കുക എന്നതായിരുന്നു അദ്ദേഹം ഏറ്റെടുത്ത ദൗത്യം. ഇതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയതിന്റെ തുടക്കം ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു. ആ ക്ഷേത്രമാണ് പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിലെ ഷൊർണൂർ നഗരസഭയിൽ സ്ഥിതി ചെയുന്ന മുണ്ടമുക ശാസ്താ ക്ഷേത്രം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലുണ്ടായ സാമുദായിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ വി. ടി. ഭട്ടതിരിപ്പാടിന് മഹത്തായ ഒരു സ്ഥാനമുണ്ട്. നമ്പൂതിരി സമുദായത്തെ നവോത്ഥാനത്തിലേക്ക് നയിച്ചത് അദ്ദേഹമാണ്.

1869 മാർച്ച് 26 ന് പഴയ പൊന്നാനി താലൂക്കിലെ മേഴത്തൂരിൽ അതി ദരിദ്രമായ നമ്പൂതിരി കുടുംബത്തിൽ ജനിച്ച വി. ടി. ക്ക് ചെറുപ്പത്തിൽ സ്ക്കൂൾ വിദ്യാഭ്യാസം കിട്ടിയിരുന്നില്ല. ജന്മിത്വവും ബ്രാഹ്മണ്യവും കൂടിക്കലർന്ന അന്നത്തെ നമ്പൂതിരിമാരുടെ സമുദായ ഘടനയിൽ, ഗുരുകുല സമ്പ്രദായത്തിലുള്ള വൈദികവൃത്തിയും വേദാദ്ധ്യായനവും മാത്രമേ അദ്ദേഹത്തിന് ലഭിച്ചിരുന്നുള്ളൂ. തറവാട്ടിലെ ദാരിദ്ര്യം അങ്ങേ അറ്റത്ത്‌ എത്തിയപ്പോഴാണ് 17 ആമത്തെ വയസ്സിൽ വി. ടി. ശാന്തിക്കാരനാവുന്നത്. അങ്ങനെ കൂടല്ലൂർ മനയിലെ അച്ഛൻ നമ്പൂതിരിയുടെ ശുപാർശയോടെ മുണ്ടമുക അയ്യപ്പൻ കാവിൽ വി. ടി. ശാന്തിക്കാരനായി. ശാന്തി കഴിഞ്ഞാൽ ആൽത്തറയിലിരുന്നു വിശ്രമം.

ക്ഷേത്രത്തിൽ വി.ടി .യുടെ ശാന്തിവേല പുലർച്ചെ നാലര മണിക്ക് തുടങ്ങുമായിരുന്നു. ക്ഷേത്ര മതിൽകെട്ടിന് പുറത്തെ ഗോപുര ദ്വാരത്തിലൂടെ പുഴയിൽ ഇറങ്ങി മുങ്ങി , പാത്രത്തിൽ വെള്ളം ഏടുത്ത് കൊണ്ട് വരണം. ആനതലയോളം ചന്ദനമുരുട്ടണം, അപ്പം, അട, പായസം എന്നീ നിവേദ്യങ്ങൾ പാകം ചെയ്യണം. ഉഷ പൂജ, ഉച്ച പൂജ, പുറശാന്തി ഇതൊക്കെ സമയത്തിന് നിർവ്വഹിക്കണം. പൂജയും, പുഷ്പാഞ്ജലിയും വി.ടി .യുടെ കുടുബത്തിന്റെ കുല തൊഴിൽ അല്ലാതിരുന്നിട്ടും അദ്ദേഹം പൂജ കാര്യങ്ങളെല്ലാം നിഷ്ഠയോടെ ചെയ്തുപോന്നു.

ശാന്തി പണിയും വൈദിക കർമ്മങ്ങളുമായി എവിടെയെങ്കിലും സമ്മന്തക്കാരനായി ഒടുങ്ങുമായിരുന്ന, വി.ടി.യുടെ ജീവിതത്തെ വഴി തിരിച്ച്‌ വിടുന്നത് ഒരു പത്ത് വയസ്സുകരി പെണ്‍കുട്ടിയാണ്. ക്ഷേത്രത്തിനടുത്തുള്ള തിയ്യാടി കുടുംബത്തിൽപ്പെട്ട ആ ബാലികയാണ്‌ വി.ടി.യുടെ ഗുരുനാഥ. ഒരു ദിവസം സ്കൂൾ വിട്ട് അമ്പലത്തിനടുത്ത് കൂടെ വരികയായിരുന്ന പെണ്‍കുട്ടി, പിറ്റെ ദിവസം അദ്ധ്യാപകനെ കാണിക്കാനുള്ള ഒരു കണക്കിന്റെ ഉത്തരം പറഞ്ഞ് തരുമോ എന്ന് ആൽതറയിലിരിക്കുന്ന വി.ടി.യോട് ചോദിക്കുന്നു. കുട്ടിയുടെ പുസ്തകം വാങ്ങി കറുത്ത അക്ഷരങ്ങളിലേക്ക് നോക്കിയ വി.ടി.യുടെ കണ്ണുകളിൽനിന്ന് അപ്പോൾ ഉതിർന്ന് വീണത്‌ കണ്ണീർക്കണങ്ങളായിരുന്നു. തനിക്ക് അക്ഷരം പൊല്ലും അറിയില്ലല്ലോ എന്ന യാഥാർത്ഥ്യം അദ്ദേഹം തിരിച്ചറിയുന്നത് ആ നിമിഷത്തിലാണ്.

( തന്റെ ആത്മകഥയായ കണ്ണീരും കിനാവും എന്ന ഗ്രന്ഥത്തിൽ വി .ടി. ഇങ്ങനെ എഴുതുന്നു.)

' ആ രാത്രി മുഴുവൻ ഞാൻ എന്റെ ഭാവിയെപറ്റി ചിന്തിച്ചു. വിജ്ഞാനം നേടിയേ അടങ്ങു എന്ന് ആ ഘോരാന്തകാരത്തിൽ ഞാൻ ശപഥം ചെയ്തു. പിറ്റെ ദിവസം തന്നെ പത്ത് വയസ്സിലേറെ പ്രായമാകാത്ത ആ തിയ്യാടി പെണ്‍കുട്ടിയുടെ ശിഷ്യത്വം കൈക്കൊള്ളുകയും, അവളെനിക്ക് ഒരു സ്ലേറ്റിൽ 51 അക്ഷരങ്ങൾ എഴുതി തരികയും ചെയ്തു. നിശീഥിനിയുടെ നിശബ്ദതയിൽ ലോകം കൂർക്കം വലിച്ച് ഉറങ്ങുമ്പോൾ ഞാൻ ആ അക്ഷരങ്ങൾ വായിലിട്ട് ചവച്ചു, വിറയാർന്ന കൈവിരൽകൊണ്ട് വീണ്ടും വീണ്ടും കുത്തികുറിച്ചു, അക്ഷരം പഠിച്ചു. പിന്നീട് ഇതേ ആൽതറയിലിരുന്ന് തന്നെ കാവിലേക്ക് ശർക്കര പൊതിഞ്ഞ് കൊണ്ടുവന്ന പത്രത്താൾ നിവർത്തി ആദ്യമായി അക്ഷരം കൂട്ടി വായിച്ചു 'മാൻമാർക്ക് കുട ' എന്ന പരസ്യ വാചകം.'

വി. ടി. യുടെ ആദ്യത്തെ പ്രണയബന്ധവും ക്ഷേത്രത്തിലെ കഴക വൃത്തിയായിരുന്ന പടിഞ്ഞാറെ വാരിയത്തെ അമ്മുക്കുട്ടിയുമോടോത്ത് ഇവിടെയായിരുന്നു. മൂന്നു വർഷത്തോളം ആ അമ്പലമുറ്റത്ത്‌ അവർ ഇണകുരുവികളായി കഴിഞ്ഞു. പക്ഷെ അധികം വൈകാതെ പെരുവനത്ത് നാരായണൻ നമ്പൂതിരി അമ്മുകുട്ടിക്ക് പുടവ കൊടുത്ത്‌ ഭാര്യയാക്കിയതോടെ വി. ടി. ക്ക് അമ്മുക്കുട്ടിയെ പിരിയേണ്ടി വന്നു. അക്ഷരമറിയാത്തതിന്റെ കദനഭാരം ഇവിടെ ഇറക്കിവെച്ച വി. ടി., തന്റെ ആദ്യപ്രണയബന്ധത്തിന്റെ നൈരാശ്യവും ഇവിടെ നിന്ന് തന്നെ അനുഭവിച്ചു. അമ്മുക്കുട്ടിയുടെ വിവാഹത്തോടെ വി. ടി. മുണ്ടമുക ക്ഷേത്രത്തിലെ ശാന്തിപണി ഉപേക്ഷിക്കുകയായിരുന്നു. അമ്മുകുട്ടിയോടുള്ള പ്രണയം അതി ഹൃദ്യമായും ഒട്ടാകെ നിഗൂഡതയോടെയും, വേർപാട്‌ വളരെ ഹൃദയസ്പർശിയായും വി. ടി. തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഏതാണ്ട് മൂന്ന് കിലോമീറ്റർ ദൂരെ ഭാരതപുഴയുടെ തീരത്താണ് മുണ്ടമുക ക്ഷേത്രം. മുണ്ടമുക അയ്യപ്പൻകാവ് എന്ന് വി. ടി. ഭട്ടതിരിപ്പാട് വിളിക്കുന്ന ഈ ക്ഷേത്രത്തിന്റെ ഇന്നത്തെ പേര് മുണ്ടമുക ശാസ്താ ക്ഷേത്രം എന്നാണ്. രണ്ടായിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് നാട്ടുകാർ പറയുന്ന ഈ ദേവാലയം ഇന്നും അതിന്റെ പ്രാചീനത ഏതാണ്ടൊക്കെ കാത്ത് സൂക്ഷിക്കുന്നു. കിഴക്ക് നിന്നും പടിഞ്ഞാറോട്ടൊഴുകുന്ന ഭാരതപുഴ ഇവിടെ വെച്ച് അൽപ്പം ദൂരം തെക്ക് വടക്കായി ഒഴുകുന്നു. ഭാരതപുഴയോരത്തെ മുണ്ടായ അയ്യപ്പൻകാവിന്റെ പടിഞ്ഞാറ് ഭാഗത്തെ ആ ആൽമരം കാലത്തെ അതി ജീവിച്ച് ഇന്നും ഇവിടെയുണ്ട്, പക്ഷെ, നിരക്ഷരനായ നമ്പൂതിരി യുവാവ്‌ അക്ഷരം പഠിച്ച്, അനാചാരങ്ങൾക്കെതിരെ അശ്വമേധം നടത്തുവാൻ പോന്ന വി. ടി. യാക്കിയ ആൽത്തറ ഇന്നില്ല.

വി. ടി. ഭട്ടതിരിപ്പാടിന് അക്ഷര വെളിച്ചം നൽകിയത് മാത്രമല്ല വി. ടി. യുടെ ജീവിതത്തെ ആകെ മാറ്റി തീർത്തതും സ്ത്രീകളാണ്. വി. ടി. നേതൃത്വം നൽകിയ സാമുദായിക വിപ്ലവത്തിൽ സ്ത്രീക്കായിരുന്നു കേന്ദ്രസ്ഥാനം. സ്ത്രീയുടെ വിമോചനത്തിലൂടെ മാത്രമെ സമുദായത്തിനും വിമോചനമുള്ളു എന്ന് വി. ടി. തെളിയിച്ച് കൊടുത്തു. ആ വലിയ വിപ്ലവത്തിന് നിമിത്തമായ മുണ്ടമുക ക്ഷേത്രവും, അക്ഷരങ്ങൾകൊണ്ടൊരു അശ്വമേധത്തിന് ആവനാഴി നിറച്ച അക്ഷരപുണ്യം പിറന്ന നിളയോരത്തെ ബോധീവൃക്ഷവും, അങ്ങനെകേരളത്തിലെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാകുന്നു.


പ്രസാദ്‌ കെ ഷൊർണൂർ - സാമൂഹ്യ പ്രവർത്തകൻ